കണ്ണില്ലാത്ത ക്രൂരത; എട്ട് വയസുകാരിയെ മാതാപിതാക്കള്‍ മരത്തില്‍ ചങ്ങലക്കിട്ടു

പെൺകുട്ടി ലഹരിക്ക് അടിമയാണെന്നും അതിനാലാണ് മരത്തിൽ കെട്ടിയിട്ടതെന്നും മാതാപിതാക്കൾ പറഞ്ഞു

ഡൽഹിയിൽ എട്ടുവയസുകാരിയെ മാതാപിതാക്കൾ മരത്തിൽ ചങ്ങലക്കിട്ടു.  ഡൽഹി മെട്രോ സ്റ്റേഷനു സമീപം മരത്തിലാണ് പെണ്‍കുട്ടിയെ ചങ്ങലക്കിട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞ വനിതാ കമ്മീഷന്‍ വീട്ടിലെത്തി എട്ടുവയസുകാരിയെ രക്ഷപെടുത്തുകയായിരുന്നു.

ബുധനാഴ്ച രാത്രിയാണു സംഭവം. സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു പെൺകുട്ടി. ആനന്ദ് വിഹാര്‍ മെട്രോ സ്റ്റേഷന് സമീപമാണ് പെണ്‍കുട്ടിയടങ്ങുന്ന പതിനൊന്നംഗ കുടുംബം താമസിക്കുന്നത്. കടുത്ത മദ്യപാനിയാണ് പെണ്‍കുട്ടിയുടെ പിതാവ്.  പെൺകുട്ടി ലഹരിക്ക് അടിമയാണെന്നും അതിനാലാണ് മരത്തിൽ കെട്ടിയിട്ടതെന്നും മാതാപിതാക്കൾ പറഞ്ഞു.

വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്.  പ്രായപൂർത്തിയാകാത്ത ഇവരുടെ മറ്റു രണ്ടു കുട്ടികൾ ഭിക്ഷാടനം നടത്തുന്നതായും വനിതാ കമ്മിഷൻ കണ്ടെത്തി. പൊലീസിന്റെ സഹായത്തോടെ കുടുംബത്തോടു സംസാരിക്കുകയും കൗൺസിലിങ് നടത്തുകയും ചെയ്ത കമ്മിഷൻ കുട്ടികളെ ഷെൽട്ടർ ഹോമിലേക്കു മാറ്റി. ഭിക്ഷാടനത്തിന് ശേഷം പാതയോരങ്ങളിലാണ് കിടന്നുറങ്ങുന്നത് എന്ന് കുട്ടികൾ കമ്മിഷനെ അറിയിച്ചു. ദിവസം മൂന്നൂറ് രൂപ ഭിക്ഷാടനത്തിലൂടെ സമ്പാദിക്കാറുണ്ടെന്നും കുട്ടികള്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *